ബോണക്കാട് ഒരിക്കൽക്കൂടി
ബോണക്കാട്.
ഇടയ്ക്കിടെയുള്ള ബോണക്കാട് യാത്ര പതിവാണ്. മിക്കപ്പോഴും ചേട്ടനോടോ മാമിയോടൊത്തോ ആകും യാത്രകൾ. അങ്ങനെയിരിക്കെ അവിചാരിതമായാണ് പിന്നെയും ഒരു ബോണക്കാടൻ യാത്രക്ക് തിരിച്ചത്. ക്ലാസ്സിലെ കൂട്ടുകാരുടെ പ്രൊജക്റ്റിന്റെ ഭാഗമായി ബോണക്കാടിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നതിനായി അവിടെ പോയി മുൻപരിചയമുള്ള എന്നെയും അവരൊപ്പം കൂട്ടി. കൂടെ. മുൻപരിചയത്തെക്കാൾ കയ്യിൽ കൂടെ കൂട്ടിയ ക്യാമറയാണ് അവരുടെ ലക്ഷ്യം. അങ്ങനെ വീണ്ടും ബോണക്കാട് കയറി. ഇത്തവണ എസ്റ്റേറ്റിന് ചുറ്റും മാത്രമല്ല ചിലവഴിച്ചത് പലതവണ പോയെങ്കിലും പോകാൻ കഴിയാത്ത പ്രേതബംഗ്ലാവിലേക്കും പോയി. ആ യാത്രാമധ്യേ പകർത്തിയതാണ് പേപ്പാറ വന്യജീവിസങ്കേതവും ഡാം റിസർവോയറിന്റെ ദൂരക്കാഴ്ചയും. ഏതൊരു യാത്രികനും ആ കാഴ്ച പകർത്തി സൂക്ഷിക്കാൻ തോന്നും..
ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച ഒരുപാട് ബംഗ്ലാവുകളും കെട്ടിടങ്ങളും ലയിത്തുകളും നാമാവശേഷമായി അവിടെ ബാക്കിനിൽക്കുന്നു. ബംഗ്ലാവിന്റെ അവസ്ഥയും പരിതാപകരം തന്നെയാണ്. കഴിയാവുന്നതിൽ മികച്ച രീതിയിൽ അതിനെയും വൃത്തികേടാക്കിയിരിക്കുന്നു. ബംഗ്ലാവുകളിൽ മേൽക്കൂരയിലെ ഓടുകൾ നശിപ്പിച്ചും ചുവരുകളിൽ കോറിവരച്ചും ആരൊക്കെയോ രസിച്ചിരിക്കുന്നു. പ്രേതം അവിടെ താമസിക്കുന്നതിൽ അത്ഭുതമില്ല. ആർക്കായാലും ആ അന്തരീക്ഷംവിട്ടു പോകാൻ തോന്നില്ല... ഇളം തണുപ്പും.. വെയിലും മുന്നിലെ പൈൻ മരങ്ങളും..മലനിരകളും..ഡാം റിസർവോയറും എല്ലാ കാഴ്ചകളും അവിടെ പിടിച്ചു നിർത്തും. ഫാക്ടറി നിലംപൊത്താറായി. അതിനടുത്ത ഓഫീസ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം അവിടമൊത്തം ഒഴുകിനടക്കുന്ന. തൊട്ടുമുന്നത്തെ യാത്രയിൽ അവിടെ കണ്ടിരുന്ന ടെലിഗ്രാഫ് എനിക്ക് കൗതുകമായിരുന്നു. ഇത്തവണ പോയപ്പോൾ അതിനെയും ആരോ ആക്രമിച്ചു കീഴ്പ്പെടുത്തിയിരിക്കുന്നു. ഒരുപാട് ഇഷ്ടപ്പെട്ട ഒന്നായിരുന്നു അതവിടെ പക്ഷെ അതിനെയും ആരൊക്കെയോ നശിപ്പിച്ചു. കാലപ്പഴക്കം കൊണ്ടുള്ള നാശത്തെക്കാൾ ഭയാനകവും നികൃഷ്ടവും മനുഷ്യനാൽ ഉണ്ടാകുന്ന നാശമാണ്. അവർ ആരെന്നറിയില്ല..പക്ഷെ അവർ നശിപ്പിച്ചിരിക്കുന്നു അവിടുത്തെ കാഴ്ചകളെ. ഒക്കെ ഒരുപാട് മാറിയിരിക്കുന്നു ഒഴിഞ്ഞ ലയിത്തുകൾ, കാടുമൂടിയ തേയിലച്ചെടികൾ. വഴികൾ. അങ്ങനെ അങ്ങനെ...
സ്ഥിരമായുള്ള യാത്രയിൽ നിന്നും ഇത്തവണ പോയപ്പോൾ കുറെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു. പലതവണ തിരികെ മലയിറങ്ങിമ്പോഴും മനസിൽ കുറിച്ചിടുന്നു ഇനിയും വരണം..... അതങ്ങനെ ആവർത്തിക്കുന്നു... ഇനിയും വരും... വരണം...
Comments
Post a Comment