യാത്ര
ആരെയും അനുസരിക്കാത്ത ഭ്രാന്തനാണ് അവനിന്ന്....
തീവ്രമായ തന്നിലെ ചിന്തകൾ, സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, പ്രണയം, സൗഹൃദം, കടമ ഒക്കെ ഉപേക്ഷിച്ചു . കേവലം അത്ഭുതങ്ങൾ ഇല്ലാതെ ഒരു ഏകാന്ത കോണിൽ ജീവിതത്തിന്റെ ഇനിയുള്ള കാലം ജീവിക്കാൻ അവൻ തീരുമാനിച്ചു. സ്വന്തവും ബന്ധവും ഒക്കെ അവസാനിപ്പിച്ചു തന്റെ യാത്രാ തുടങ്ങാൻ തീരുമാനിച്ചു. യാത്രയ്ക്കു മുന്നേ കുഞ്ഞുനാളിൽ അമ്മയുടെ കയ്യിൽതൂങ്ങി പോകാറുള്ള അമ്പലത്തിന്റ മുന്നിലെ ക്ഷേത്രക്കുളത്തിന്റ പടവുകളിൽ അവൻ ഇരുന്നു. കഴിഞ്ഞു പോയ കാലത്തിന്റെ ഓർമകളിലേക്ക് അയാൾ കടന്നുചെന്നു. അമ്മയോടായിരുന്നു അവനു കൂടുതൽ സ്നേഹം അമ്മയ്ക്കും അങ്ങനെ തന്നെ ആകാം ഒരുപക്ഷെ. അച്ഛനെക്കാൾ അമ്മയോടായിരുന്നു അവൻ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. പക്ഷെ പതിയെ പതിയെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും സഹോദരങ്ങളിൽ നിന്നുമൊക്കെ അവൻ അകലാൻ തുടങ്ങി
എവിടെയാണ് തന്റെ പ്രണയം തനിക്കു നഷ്ടമായത്. പ്രണയം തലയ്ക്കു പിടിക്കുമ്പോൾ വീടും വീട്ടുകാരും അകന്നു ആ അകൽച്ച വർധിച്ചത് അവനു അനുഭവപ്പെട്ടത് തന്നെ കാണുമ്പോൾ സന്തോഷവതിയായി അമ്മ ഇന്ന് ഏറെ അകൽച്ചയോടെ പെരുമാറുന്നു. തന്റെ മകനെ ഒരു തരത്തിലും അങ്ങനെ കാണാൻ അമ്മ ആഗ്രഹിക്കുന്നില്ല.അതിന്റെ കാരണവും അമ്മ പറഞ്ഞിരുന്നില്ല. മകന്റെ പ്രണയം തിരിച്ചറിഞ്ഞ അമ്മ പലതവണ അവനെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പ്രണയിനിയെ ചേർത്തുപിടിക്കുമ്പോൾ കിട്ടുന്ന ആ അനുഭവത്തിനു പകരമായി ഈ ഭൂമിയിൽ മറ്റൊന്നുമില്ല. മാറോടു ചേർത്തുപിടിച്ചു നിൽക്കുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു. പ്രണയിനിയുമായി സംസാരിക്കുമ്പോൾ ഈ സംസാരം ആരെങ്കിലും കേട്ടാൽ ഉണ്ടാകുന്ന ഒരുതരം അവസ്ഥ കാരണം ഒരുതരം വീർപ്പുമുട്ടലിലായിരുന്നു അവൻ. ഈ സംസാരം അമ്മ അറിഞ്ഞാൽ ഉണ്ടാകുന്ന മറ്റു സംഘർഷങ്ങളെപ്പറ്റി ആയിരുന്നു മിക്കപ്പോഴും അവന്റെ ചിന്ത. എന്തുകൊണ്ട് ഇവരൊക്കെ പ്രണയത്തെ എതിർക്കുന്നു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുമ്പോഴും ചിലതെല്ലാം മനസിലാകുന്നു.
ഇന്നെല്ലാം ഉപേക്ഷിക്കാൻ തയാറായി നിൽക്കുമ്പോഴും ബോധമനസ്സ് പല ആവർത്തി ശ്രമിച്ചിട്ടും തന്നിലെ ഓർമ്മകൾ മാത്രം അയാൾക്ക് ഉപേക്ഷിക്കാൻ കഴിയുന്നില്ല. കഴിഞ്ഞു പോയ കാലത്തിന്റെ ഓർമകൾ അത്ര വേഗം മറക്കാൻ കഴിയില്ലല്ലോ അവ നിഴൽ പോലെ അവനെ എപ്പോഴും പിന്തുടരുന്നു. ചില വേളകളിൽ അവ സ്വയം തിരുത്തുവാൻ അവനു സഹായകമായി. വീണ്ടും വീണ്ടും തന്നെ ശുദ്ധികരിക്കാൻ ആ ഓർമകൾക്കും അനുഭവങ്ങൾക്കും കഴിഞ്ഞു. പ്രണയത്തിന്റെ ഭ്രമത്തിൽ മുഴുകിയ നേരത്തു തന്നെത്താൻ മറന്നു ജീവിക്കുകയായിരുന്നു അവൻ. ബോധപൂർവം താനെടുത്ത തീരുമാനം എന്നു തോന്നാവുന്ന അവയൊക്കെ ഇന്ന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നില്ല. ചിലനേരങ്ങളിൽ അത്തരം അനുഭൂതികൾ ഇന്ന് കേവലം കോമാളിത്തരങ്ങൾ.. താനിത്രയും മണ്ടനായിരുന്നുവോ എന്ന ചിന്ത മാത്രം അവസാനിക്കുന്നു.
താൻ അവൾക്കു കൊടുത്ത വാഗ്ദാനങ്ങൾ. പ്രതീക്ഷകൾ ഒക്കെ ഇന്ന് ഏറക്കുറെ വിഡ്ഢിത്തമായി അവശേഷിക്കുന്നു. ഇന്നെന്തുപറ്റി ഇത്തരം ഒരു അവസ്ഥയിൽ താനെത്തിച്ചേർന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അവൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഓർമ്മകളിൽ നിന്നും തുടങ്ങിയ യാത്ര ഇപ്പോൾ വർത്തമാനത്തിൽ എത്തിയിരിക്കുന്നു.ഭൂതകാലത്തിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്...
അയാൾ തന്റെ യാത്ര തുടർന്നു.......
Comments
Post a Comment